2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

കണക്കായിപ്പോയി...!

ഭൂഗോളത്തിന്‍റെ സ്പന്ദനം പോലും കണക്കിലാണ്..വിത്തൌട്ട് മത്തെമാറ്റിക്സ് ഭൂമി വെറും വട്ട പൂജ്യം !!
അമ്മേ .. ഞാന്‍ ഞെട്ടി ഉണര്‍ന്നു.. ഫസ്റ്റ് ഇന്റെര്‍ണലിന്‍റെ തലേന്നും ഇതേ സ്വപ്നം കണ്ടതാ.. ദെ ഇപ്പൊ സെക്കന്റ്‌ ഇന്റെര്‍ണലിനു മുന്നേയും..ഇതെന്തു മായ ..! സംഗതി മായ അല്ലെന്നു ഇന്റെര്‍ണല്‍ മാര്‍ക്ക്‌ കയ്യില്‍ കിട്ടിയപ്പോ ബോധ്യമായി.. മത്തെമാറ്റിക്സ്  ഇല്ലാത്ത ഭൂമിയുടെ അവസ്ഥ തന്നെയാരുന്നു എന്‍റെയും!..വെറും വട്ട പൂജ്യം!.. അധ്യാപികയുടെ അകമഴിഞ്ഞ പ്രശംസയുടെയും സഹപാഠികളുടെ അഭിനന്ദന പെരുമാഴയുടെയും മുന്നില്‍  വിനയകുനയനായി തല കുനിച്ചു ക്ലാസ്സിന്‍റെ ഒരു മൂലയില്‍ ഞാന്‍ നിന്നു... ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഞാനും ഈ ഗണിത കുണിതവുംയുള്ള കശപിശ!.. അതിനു ഏതാണ്ടൊരു പതിറ്റാണ്ട്  പഴക്കമുണ്ട്.. അതിനു മുന്നേ.. അതായതു ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണക്കുമായി നല്ല രമ്യതയില്‍ ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ..! കാരണം മറ്റൊന്നുമല്ല ..ചന്തുവിനു അന്നു തങ്കമണി ടീച്ചറുടെ വക സ്പെഷ്യല്‍ ട്യുഷന്‍ ഉണ്ടാരുന്നു .. ആ സമയത്തു എന്‍റെ കണക്കുബുക്ക്‌  കാണാന്‍ അന്യദേശത്ത് നിന്നുവരെ മണ്ടന്‍മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ എത്തുമായിരുന്നു എന്നും കേട്ടിടുണ്ട് ..അതൊക്കെ ഒരു കാലം !..

ആ കാലം പിന്നീടു എന്‍റെ മുന്നില്‍ ഒരു കാലനാവുന്നതു ഞാന്‍ അറിഞ്ഞില്ല.. എട്ടാം ക്ലാസ്സില്‍ ഞാന്‍ സ്പെഷ്യല്‍ ട്യുഷന്‍ മതിയാക്കിയതു തലയ്ക്കു മുകളില്‍ എന്തോ ഗുളികന്‍ വന്ന സമയത്താണു.. അതോടെ എല്ലാ വിഷയത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നില്ല എന്ന എന്‍റെ നിരന്തരമായ ആവിശ്യം വീട്ടില്‍ അനുവദിച്ചു തന്നു !..അങ്ങനെ ഞാന്‍ ആദ്യമായി  ഒരു  സമാന്തര വിദ്യാലയത്തില്‍  വിദ്യ തേടി എത്തി..അവിടെ ചെന്നപ്പോള്‍ ആദ്യം ഉണ്ടായിരുന്ന സ്വീകരണം അല്ല പിന്നീട് ലഭിച്ചതു .. അടിയോടടി ...അടിയെ പേടിച്ചു പിന്നെ ക്ലാസിനു കയറാതെ ആയി..എങ്ങനെ ഒക്കെയോ ഒരു കൊല്ലം തികച്ചു അവിടെ ..പിന്നെ മറ്റൊരിടം!..അങ്ങനെ വഴിയമ്പലങ്ങള്‍ പലതു പ്രദിക്ഷണം വെച്ച് പത്താം തരത്തില്‍ എത്തി ..മൂക്കിപോടി വലിക്കുന്ന ഒരു ചാക്കോ മത്തായി സര്‍ ആയിരുന്നു ഗണിത അദ്യാപകന്‍.. ക്ലാസ്സ്‌ എടുക്കുന്നതിനിടയില്‍ മൂകിപോടി വെക്കും .. എന്നിട്ട് നിര്‍ത്താതെ തുമ്മും.. !പിന്നിട് എവിടുന്നോ  മൂക്കിപോടിയും സംഘടിപിച്ചു ഒരുത്തന്‍ വന്നു.. അന്നു മുതല്‍ അതായി പതിവു.. സര്‍ തുമ്മുന്നു .. പിറകെ ഞങ്ങള്‍ തുമ്മുന്നു !.. ക്ലാസ്സില്‍  അകെ ആചീ...ആചീ...ആചീ ...!!

എന്‍റെ കൂടെ തുമ്മി തെറിച്ചു നടന്നവന്മാര്‍ എല്ലാം നല്ല ഗ്രേഡ് വാങ്ങി ജയിച്ചു !.. ഞാന്‍ നിരങ്ങി ..ഇഴഞ്ഞു ..വലിഞ്ഞു കയറി !.. അതും  മിനിമം ഗ്രേഡ് !.. അന്നെനിക്കു മനസിലായി ചന്തു കണക്കിനു മുന്നില്‍ തോറ്റെ മതിയാവു എന്നു.. പക്ഷെ പതിനൊന്നാം ക്ലാസ്സില്‍ കാര്യങ്ങള്‍  വളരെ രസമുള്ളതായിരുന്നു.. രാജേന്ദ്രന്‍ സാര്‍.. ചോക്ക് എടുത്തു ബോര്‍ഡിന്‍റെ ഒരറ്റത്ത്  നിന്നു ക്ലാസ്സ്‌മുറിയുടെ മറ്റൊരു മൂല വരെ വരച്ചോണ്ട്  പോയത്  എനിക്ക്  'ഇന്‍ഫിനിറ്റി' എന്തെന്നു മനസിലാവാന്‍ വേണ്ടി ആണെന്നു ഞാന്‍ സംശയിച്ചു ..എന്നിട്ട് എന്നോടായി ഒരു വാചകവും ..''ഇവിടെയും തീരില്ല ഇനിഫിന്ടി .. അത് ഈ മുറി തുരന്നു.. ദെ ആ കാണുന്ന വാഴതോട്ടവും കഴിഞ്ഞും പോകും ...വല്ലതും മനസ്സിലായോ ?.. എവിടെ ! '' ... ഹും.. ഞാന്‍ മൂളി .. ''എങ്കില്‍ ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നത് .. നോക്കി വരച്ചു വെയ്ക്കു.. " ക്ലാസ്സില്‍ കൂട്ട ചിരി! .. എന്നാല്‍ പന്ത്രണ്ടാം തരത്തിലെ റിസള്‍ട്ട്‌ വന്നപ്പോള്‍ എല്ലാവരെയും ഞാന്‍ ചെറുതായി ഒന്നു ഞെട്ടിച്ചു ! എന്‍റെ കൂടെ പഠിച്ച മറ്റു വിഷ്ണുമാരെല്ലാം നല്ലതു പോലെ പഠിക്കും എന്നത് പരീക്ഷ സമയത്തു എനിക്കു തുണയായി.. അടുത്തിരുന്നവന്‍ അകമഴിഞ്ഞു സഹായിച്ചപ്പോള്‍  ഞാന്‍ നല്ല മാര്‍ക്കോടെ ജയിച്ചു !..

ആ വിജയം ദെ എന്നെ ഇവിടെ ഈ മൂലയില്‍ എത്തിച്ചു !.. open the window let the atmosphere come in! ടീച്ചര്‍ എന്നോടായി പറഞ്ഞു  '..അതെ ഇംഗ്ലീഷ് തന്നെയാണ് ' .. ഞാന്‍ പോയി ജനല്‍ തുറന്നിട്ടു .. ടീച്ചര്‍ തുടര്‍ന്നു.. the black boy sitting in the fourth bench has the concept! ...ഞാന്‍ ആ ബ്ലാക്ക്‌ ബോയിയെ നോക്കി ..അവന്‍റെ മുഖത്തു ഒരു വളിച്ച ചിരി ..! ഇവര്‍ ഇത് എന്തു ഭാവിച്ചാ... മലയാളത്തില്‍ പറഞ്ഞൂടെ .. അതെങ്ങനെ.. കോളേജ്ന്‍റെ സ്റ്റാറ്റസ് അത് അനുവദിക്കില്ലെല്ലോ!  ... കോളേജില്‍ ചേര്‍ന്ന് ആദ്യത്തെ റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചതാ .."ഇശ്വരാ.. ഇനി രണ്ടു കൊല്ലം കൂടി ഞാന്‍ ഈ പണ്ടാരം കണക്കു പഠിക്കേണ്ടി വേരുമെല്ലോ .."  രണ്ടാം വര്‍ഷവും എന്‍റെ വിഷമത്തിനു വലിയ മാറ്റം വന്നില്ല.. "ഇശ്വരാ ഇനിയും  രണ്ടു കൊല്ലം കൂടി ഞാന്‍ ഈ പണ്ടാരം കണക്കു പഠിക്കേണ്ടി വേരുമെല്ലോ .. " ദെ ഇപ്പൊ മൂന്നാം കൊല്ലം !!..ഇനി നാലാം കൊല്ലം!..കണക്കുകള്‍ മാത്രം ബാക്കി വെച്ച് കൂട്ടുകാര്‍ ഓരോന്നായി പൊഴിഞ്ഞു പോയി!..  

ഗണിതം ! ..എന്നെ സംബന്ധിച്ച്  അറിയും തോറും ആഴം കൂടുന്ന  മഹാസാഗരം ! നിലാവില്‍ കണക്കു പുസ്തകവും പിടിച്ചു നക്ഷത്രം എണ്ണി കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു.. എന്താ ..? 'ബേസിക് മാത്സ് പഠിക്കണം ..' എന്തിനാ    ? 'പഠിച്ചാലേ രക്ഷ ഉള്ളു...'  അങ്ങനെ  പഠിക്കാന്‍ തന്നെ തീരുമാനിച്ചു ! ..ചെന്നു പെട്ടതു ഒരു പഴയ സിങ്കതിന്‍റെ  മടിയില്‍... മടിയില്‍ നിന്നു ഇറങ്ങി ഇരിയടാ.. ഒരലര്‍ച്ച ! ആവിശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു.. ഈ പാവത്തിന്‍റെ  ഓട്ട കീശയില്‍ രണ്ടു ചോദ്യ പപ്പേര്‍ മാത്രം !..   കണക്കിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച തങ്കമണി ടീച്ചറെ മനസ്സില്‍  ധ്യാനിച്ചു കൊണ്ട് ..ഒന്നു മുതല്‍ പന്ത്രണ്ടു വരെ ഉള്ള ഗുണിത പട്ടിക  അങ്ങട്ട് അലക്കി !.. മുഴിവിക്കാന്‍ സമ്മതിച്ചില്ല ! ..ഉസ്താദ് ഫ്ലാറ്റ് ! ഒടുവില്‍ ഒരുനാള്‍ ആ കലാലയതോട് വിട പറഞ്ഞു ഒരുപിടി മണ്ണ് വരി വെള്ള പെയിന്റ് അടിച്ച ഭിത്തിയില്‍ തേച്ചു ..ഇപ്പൊ സമാധാനമായി ..! കൃതാര്‍ഥനായി യാത്ര തുടര്‍ന്നു.. നാല് വര്‍ഷത്തെ ബിരുദ ജീവിതം സമ്മാനിച്ച സര്‍ട്ടിഫിക്കറ്റ് ഒക്കെയായി വീടിലേക്കുള്ള ബസില്‍ ഞെളിഞ്ഞു ഇരുന്നു !..

'ഒരു അഞ്ചല്‍ ടിക്കറ്റ്‌ '.. 
'നാല്‍പ്പത്തി മൂന്ന് രൂപ.. ' .. ഞാന്‍ നൂറു രൂപ കൊടുത്തു !
'ഒരു മൂന്ന് രൂപ തരാന്‍ കാണുമോ ചില്ലറ ഇല്ല !..' 
'മൂന്നില്ല , അഞ്ചു  രൂപ തരാം !..' .. ബാക്കി നാല്പത്തി ഏഴു രൂപ തിരിച്ചു തന്നു !   ....ടിക്കറ്റ്‌ ടിക്കറ്റ്‌ .. കണ്‍ടെക്ട്ടെര്‍  മുന്നോട്ടു പോയി ..കാശും കയ്യില്‍ പിടിച്ചു ഒന്നു ചിന്തിച്ചു! .. കണക്കു തെറ്റിയോ.. ഹേയ് എനിക്കു തെറ്റാനോ !.. ചാന്‍സ് ഒട്ടും ഇല്ല ..!