ഒട്ടുമിക്ക മാതാപിതാക്കളുടെയും ആഗ്രഹം ആണു മക്കള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗി ആവണം എന്നതു.. അതു കൊണ്ട് എന്‍റെ വീട്ടുകാരെ ഞാന്‍ കുറ്റം പറയില്ല !.. അവരുടെ ഒരുപാടു അപേക്ഷയും ഒടുവില്‍ ഭീക്ഷണിയും വഴങ്ങി ഞാനും പി.എസ്.സി 'യുടെ ഓണ്‍ലൈന്‍ അപേക്ഷ അയച്ചു.. ദൂരെ എങ്ങും പോയി എഴുതാനുള്ള മടി കാരണം കൊല്ലം ജില്ല തന്നെയാണ് കൊടുത്തതു. ഒടുവില്‍ ഹാള്‍ടിക്കറ്റ് വന്നപ്പോള്‍ പണി പാളി .. കൊല്ലവും പത്തനംതിട്ടയും കഴിഞ്ഞു കോട്ടയം-പാല ആണു എക്സാം സെന്‍റെര്‍ !.. സാധാരണ ഗതിയില്‍ ഏതാണ്ട് രണ്ടു- മൂന്ന് മണിക്കൂര്‍ യാത്ര വരും.. ഉച്ചക്കു ഒന്നര'ക്കാണ് ഹാളില്‍ കയറേണ്ടത് .. പരീക്ഷ മൂന്നര വരെയും!.. ഞാന്‍ വെളുപ്പിനെ എട്ടു മണിയോടെ എല്ലാ തയ്യാറെടുപ്പോടും കൂടി റോഡില്‍ വണ്ടി കാത്തു നിന്നു.. കോട്ടയതെക്കുള്ള ഒരു വണ്ടി ആളെയും കുത്തി നിറച്ചു എന്‍റെ മുന്നില്‍ വന്നു കിതച്ചു നിന്നു... 'കോട്ടയം വരെ നിന്നുള്ള യാത്രയോ?.. ആലോചിക്കാനേ വയ്യാ..' അടുത്ത വണ്ടി നോക്കാം.. ഏതാണ്ട് എട്ടരയോടെ മറ്റൊരു വണ്ടി വന്നു, ഇരിക്കാന്‍ സീറ്റ് ഉണ്ട്..അതില്‍ കയറി !,ഞാന്‍ വാച്ചില്‍ നോക്കി..എത്ര താമസിച്ചാലും പതിനൊന്നു മണിയാകുമ്പോള്‍ കോട്ടയം എത്തും..അവിടുന്നു പിന്നെ പാല .. , അതു കുറച്ചു ദൂരമേ കാണു.. ! ഞാന്‍ അങ്ങനെ കോട്ടയം യാത്ര ആരംഭിച്ചു..
കോട്ടയത്തു ഇതിനു മുന്നേ പോയതു അച്ഛന്‍റെ സുഹൃത്തിന്‍റെ കയ്യില്‍ നിന്നും എനിക്കു കൊടുത്തുവിട്ട ഫോണ്‍ വാങ്ങാന്‍ ആയിരുന്നു .. അന്നു പക്ഷെ ചേട്ടന്‍ കൂടെ ഉണ്ടായി.. പിന്നെ പലപ്പോഴും കൂട്ടുകാരോടൊപ്പം നാടായ നാടൊക്കെ ചുറ്റിയിടുന്ടെങ്കിലും കോട്ടയം ഇതേവരെ ലിസ്റ്റില്‍ വന്നിട്ടില്ല!.. അവിടെ സുഹൃത്തുകള്‍ ആരും ഇല്ല എന്നതു തന്നെ കാരണം.. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കൊട്ടാരക്കര എത്തി.. വണ്ടി സ്റ്റാന്‍ഡില്‍ പത്തു മിനിറ്റ് ഇട്ടിരുന്നു.. ഈ സമയത്തു തൊഴില്‍വാര്‍ത്ത പോലെ എന്തോ ഒന്ന് ഒരാള്‍ വെളിയില്‍ നിന്നു വച്ചു നീട്ടി.. സൗജന്യം അണെന്നു കേട്ടപ്പോള്‍ വാങ്ങി..ഒരു എല്‍.ഡി.സി കോച്ചിംഗ് സെന്‍റെര്‍'ന്‍റെ പരസ്യവും,പിന്നെ കുറെ വരാന്‍ സാധ്യത ഉള്ള ചോദ്യോത്തരങ്ങളും ആയിരുന്നു അതില്‍.. എന്തായാലും ഒന്ന് തയാറെടുത്തു കളയാം..ഒരു പരീക്ഷക്ക് പോകുവല്ലേ ! ..ഇതിനിടയില്‍ വണ്ടി എടുത്തിരുന്നു, ഞാന്‍ പേജുകള്‍ മറിച്ചു..ഇശ്വരാ .. ഒരു എന്തും പിടിയും കിട്ടുനില്ല.. ഇത്രയേറെ കാര്യങ്ങളോ ?? ഇതൊക്കെ ആളുകള്‍ എങ്ങനെ പഠിക്കുന്നു..!
മണിക്കൂര്‍ രണ്ടു കഴിഞ്ഞിരുന്നു.. ഞാന്‍ ഉണര്‍ന്നപ്പോള്‍ അടുത്തിരുന്ന ആള്‍ എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ബുക്ക്‌ലെറ്റ് വായിക്കുന്നു ? '..എവിടവെച്ച എക്സാം.. ?? ' അയാള്‍ ബുക്ക്‌ലെറ്റ് മടക്കി തന്നു എന്നോടായി ചോദിച്ചു.. 'പാല - കരുമണ്ണു.. എന്താ ചേട്ടാ..?' 'അല്ലാ.. ചോദിച്ചതാ.. ട്രാഫിക് ബ്ലോക്ക് കണ്ടില്ലേ,എല്‍.ഡി.സി എഴുതാന്‍ എല്ലാവരും സ്വന്തം വാഹനവുമായി റോഡില്‍ ഇറങ്ങില്‍ പിന്നെ എന്നാ.. !ഇന്നാണെങ്കില്‍ ആലപ്പുഴ വള്ളംകളിയും .. രണ്ടും കൂടെ ആയാല്‍ പറയണോ! പാവപ്പെട്ട കെ.എസ്.ആര്‍.ടി.സി'കാര്‍ എന്നാ ചെയ്യാനാ.. ഒന്നാതെ ട്രാഫിക് ബ്ലോക്ക് കൊണ്ട് പേരുദോഷം കേട്ട ജില്ലയാ ഞങ്ങളുടെ...' അയാളുടെ വലിച്ചു നീട്ടല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ പുറത്തേക്കു നോക്കി .. വളരെ നീണ്ടാ ഒരു നിര.. അയ്യോ!.. വണ്ടിയാകട്ടെ നൂലുപിടിച്ചമാതിരി ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.. ഇതു പണി കിട്ടി!! എന്‍റെ ജീവന്‍ എടുത്തു.. ആദ്യത്തെ പരീക്ഷ -സര്‍ക്കാര്‍ ജോലി എല്ലാം ചെറുതായി ഒന്ന് മങ്ങി.. സമയം എന്നെ വലിച്ചിഴച്ചു സ്റ്റാന്‍ഡില്‍ കൊണ്ടിട്ടാപ്പോ ഒരു മണി കഴിഞ്ഞു പത്തു മിനിറ്റ്...!! 'കുറുമണ്ണു... ??'.. വാ പൊളിച്ചു ഇരിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍'ന്‍റെ മുന്നിലേക്കു ഞാന്‍ ഹാള്‍ടിക്കറ്റ് നീട്ടി... 'അയ്യോ മോനെ ഇതു പാലയില്‍ ചെന്നിട്ടു പോകണം ! .. വലത്തേ അറ്റത്തു കിടക്കുന്ന ബസില്‍ കയറു ..' ഞാന്‍ ഓടി അതില്‍ കയറി .. സാധാരണ രീതിയില്‍ പാലയില്‍ എത്താന്‍ നാല്പതു മിനിറ്റ് എടുക്കും ..ഈ സ്ഥലം അവിടുന്നും പതിനച്ചു മിനിറ്റ് പോകാന്‍ ഉണ്ട്.. ഈ ട്രാഫിക് ബ്ലോക്കില്‍ എന്തായാലും ഒന്നര മണിക്കൂര്‍ .. കണ്ടക്ട്ടെര്‍ കയ്യിമലര്‍ത്തി!! :(
അപ്പോഴേക്കും ബസു സ്റ്റന്‍റ്റ് വിട്ടിരുന്നു ''... എങ്ങനെ ടിക്കറ്റ് എടുക്കുന്നോ ??...'' ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന എന്നൊടു സമപ്രയക്കാരന്‍ ആയ ഒരുവന്‍ പിറകില്‍ നിന്നു ചോദിച്ചു. 'എനിക്കും ഇതേ സ്ഥലത്തു വച്ച എക്സാം '..! അതെയോ.. വിഷ്ണു ..ഞാന്‍ കയ്യികൊടുത്തു.. 'വൈശാക് ..' തിരിച്ചും!.. എവിടാ സ്ഥലം.. 'അഞ്ചല്‍ ' !! ദെ ഒരേ നാട്ടുകാര്‍.. !! ഇനി എന്തായാലും സമയത്ത് പോകാന്‍ ഒക്കുമെന്നു തോന്നുന്നില്ല..! ; നമുക്ക് വള്ളംകളി കാണാന്‍ പോയാലോ !? .. ഞാന്‍ ഒന്നു ചിരിച്ചു! .. ആളിറങ്ങണം!!.. പറഞ്ഞതു ഞങ്ങള്‍ ഒരുമിച്ചായിരുന്നു... ഞങ്ങള്‍ രണ്ടും തിരിച്ചു ബസ്‌സ്റ്റന്‍റ്റ്ലേക്ക് നടന്നു!.. പരീക്ഷ എഴുതാന്‍ കഴിയതെ നിരാശരായി നില്‍ക്കുന്ന കുറെ പെണ്‍കുട്ടികളെ ആശ്വസിപ്പിച്ചു നിന്നപ്പോള്‍ ഇതാ വരുന്നു മൂന്നാമതൊരാള്‍... അഞ്ചല്‍'ക്കാരന്‍ തന്നെ!... ശ്രീരാജ്.. പറഞ്ഞു വന്നപ്പോള്‍ ഞാന്‍ അറിയുന്ന വീട്ടിലെയാണ്.. അങ്ങനെ ബിരുദ'ധാരികളായ മൂന്ന് ചെറുപ്പകാര്‍ (ഞാന്‍ ധരിച്ചിട്ടു ദിവസങ്ങളെ ആയുള്ളൂ .. ;)) ഞങ്ങള്‍ മൂന്ന് പേരും വള്ളംകളി കാണാന്‍ പോകാതെ കുമരകവും.. അവിടുള്ള പക്ഷി സങ്കേതവും ഒക്കെ കാണാന്‍ പോകാന്‍ തിരുമാനിച്ചു .. കോട്ടയത്ത് നിന്നും പതിനാറു കിലോമീറ്റര്‍ മാറിയാണു കുമരകം!.. പോകുന്ന വഴിയാകട്ടെ..നെല്‍പാടവും..കള്ള് ഷാപ്പുകളും കൊണ്ട് സമ്പന്നം!.. പതിനഞ്ചു മിനിറ്റ് കൊണ്ട് അവിടെ എത്തി.. അഞ്ചു രൂപ ടിക്കറ്റ് എടുത്തു പക്ഷികളെ കാണാന്‍ കയറി.. പക്ഷെ ആരുക്കും അത്ര കണ്ട് സുഹിച്ചില്ല അവിടം ..
അര മണിക്കൂര്‍ കൊണ്ട് എല്ലാം കണ്ടെന്നു വരുത്തി..പുറത്തിറങ്ങി , നേരെ മൂവരുടെയും കണ്ണ് പതിച്ചതു എതിര്‍ വശത്ത്..കുറച്ചു മുന്നോട്ടായി കണ്ട 'കള്ള്' എന്നാ ബോര്‍ഡിലാണ്..'എങ്ങനെ കയറിയാലോ ...??' ബാക്കി രണ്ടുപേരും ചിരിച്ചു ..! പിന്നെ അങ്ങോട്ടു വെച്ചുപിടിച്ചു.. ചെറിയ ഒരു വരമ്പിലുടെ വേണം അതിന്‍റെ മുറ്റത്തു എത്താന്‍.. ആഹാ... മനോഹരം! ഞാന്‍ കയറിയതില്‍ വെച്ച് ഏറ്റവും മനോഹരമായ ഷാപ്പ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.. ഓല കൊണ്ട് കെട്ടിയ കുടിലുകള്‍ .. അതും വെള്ളത്തിനു മുകളില്‍ തൂണ് പാകി.. ഏറുമാടം പോലെ!..അതില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ചപ്പോഴെക്കും ഒരു പയ്യന്‍ വന്നു.. മെനു കേട്ട് ഞങ്ങള്‍ ഒന്നു പതറി.. "എന്തായാലും മുത്തത് വേണ്ട.. വീടു പറ്റാനുള്ളതാ.. ഇളം കള്ള് മൂന്ന് കുടം... കഴിക്കാന്‍ കപ്പാ മൂന്ന് പ്ലേറ്റ് ,ഒരു പ്ലേറ്റ് താറാവ്.. പിന്നെ ഒരു ബീഫ് ഫ്രൈ.. ഇപ്പൊ ഇത് മതി..." കള്ള് ആദ്യമേ എത്തി.. കൊള്ളാം! .. ഓരോ ഗ്ലാസ് അകത്തക്കിയപ്പോഴേക്കും താറാവ് വന്നു .. കിടിലന്‍! .. ഇത് എഴുതുമ്പോഴും നാവില്‍ അതിന്‍റെ രുചി ഉണ്ട്.. ഇല്ലെങ്കിലും ഷാപ്പിലെ കറികള്‍ .. അതിനു ഒരു പ്രതേക രുചിതന്നെയാ..! നമ്മള്‍ ഇതിനു മുന്നേ കാണേണ്ടവര്‍ ആയിരുന്നു..അതെ!.. വീട്ടുകാര്യവും നാട്ടുകാര്യവും കൂട്ടുകര്യും ഒക്കെ പറഞ്ഞിരുന്നു കുടം മൂന്നും കാലിയായി.. ; ഒരു സ്നേഹക്കുടം കൂടെ പോരട്ടെ.. കൂടെ കക്കാ വെച്ചതും! ആഹ ..കിടിലോല്‍ കിടിലം!.. ഓരോ ഹോട്ടല്‍'ലും എന്തെങ്കിലും സ്പെഷ്യല്‍ കാണുമെല്ലോ!.. അതു വാങ്ങാനാവും അവിടെ തിരക്കു കൂടുതല്‍.. അതുപോലെ ഇവിടുത്തെ സ്പെഷ്യല്‍ ഇതു തന്നെ.. ഞങ്ങള്‍ ഉറപ്പിച്ചു!.. ഇതിനു വേണ്ടിയാകും ഇന്നിവിടെ എത്തിപ്പെട്ടതു.. നന്ദി കുമരകം...കോട്ടയം ഇക്കാര്യത്തില്‍ ഞങ്ങളെ നിരാശപ്പെടുത്തിയില്ല!!..
സമയം സന്ധ്യയോടു അടുത്തു.. യാത്ര പറയാന്‍ നേരമായി..ഇനിയും ഒരിക്കല്‍ ഈ മേശക്കു ചുറ്റും ഇരുന്നു കക്കാ വെച്ചതും അതിന്‍റെ കൂടെ അന്തികള്ളു മോന്താനും ഞങ്ങള്‍ വരും.. ഷാപ്പില്‍ നിന്ന് ഇറങ്ങി വരമ്പിലുടെ റോഡിലേക്കു നടക്കുമ്പോള്‍ , രണ്ടു പുതിയ സുഹൃത്തുക്കളെ കിട്ടിയതിന്‍റെ സന്തോഷത്തേക്കാള്‍.. ഞങ്ങളുടെ മറ്റൊരു വരവിനായി കാത്തിരിക്കുന്ന ആ ഷാപ്പ്..അതെന്നെ വല്ലാത്ത വിഷമത്തിലാക്കി.. യാത്ര പറയാതെ വയ്യാ.. കോട്ടയതിന്‍റെ തിരക്കുകളില്‍ നിന്ന് പതിയെ നീങ്ങി തുടങ്ങി ഞാന്‍ ..അപ്പോഴും എന്‍റെ മനസ്സില്‍ വരാന്‍ ഇരിക്കുന്ന പി.എസ്.സിയുടെ കണ്ടക്ട്ടെര്‍ പരീക്ഷയും കോട്ടയത്തു വെച്ചു തന്നെയയിരിക്കണേ എന്നാ പ്രാര്‍ത്ഥന മാത്രമായിരുന്നു ...
